നോമ്പുകാലം

 

ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകരകർമ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിർപ്പുതിരുന്നാളിനും ഇടക്കുള്ള ഏഴ് ആഴ്ചകൾ പ്രാർത്ഥനക്കും പ്രാശ് ചിത്തത്തിനും ഉപവാസത്തിനുമായി നീക്കി വച്ചിരിക്കുന്നു. ഈശോയുടെ 40 ദിവസത്തെ ഉപവാസമാണ് ‘വലിയ നോമ്പ് ‘ എന്ന പേരിൽ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും നാം സാധാരണ മായി അമ്പത് നോമ്പ് എന്നാണ് ഈ കാലത്തെ വിളിക്കുക. മാർത്തോമ്മാ ക്രിസ്ത്യാനികൾ ‘പേത്തുർത്താ ‘ ഞായർ മുതൽ ഉയിർപ്പ്തിരുനാൾ വരെ നോമ്പു നോക്കിയിരുന്നതാകാം ‘അമ്പത് നോമ്പ് ‘ എന്നു പറയാനുള്ള കാരണം.’ പേത്തുർത്താ ‘ എന്ന സുറിയാനി പദത്തിന്റെ അർത്ഥം ‘ അവസാനിച്ചു’, ‘മുഴുവനായി ‘എന്നൊക്കെയാണ്. സുഭിക്ഷമായ ദക്ഷണത്തിന്റെയും ആഘോഷങ്ങളുടെയും ദിവസങ്ങൾ അവസാനിച്ചു എന്നാണ് ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

മാമോദീസവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീർന്ന നാം പാപം വഴി ദൈവത്തിൽ നിന്നകന്നു. മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും അനുതാപത്തിന്റെയും മന:പരിവർത്തനത്തിന്റെയും ആന്ത്യകതയും, അനുതപിക്കുന്ന പാപികളോട് ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരണ്യവും, ഈശോമിശിഹായുടെ പീഡാനുഭവം, മരണം, സംസ്കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്. ദൈവവുമായും മനുഷ്യർ തമ്മിൽത്തമ്മിലും അനുരഞ്ചിതരാകേണ്ടതിന്റെ ആവശ്യകതയിലേക്ക് നോമ്പുകാലം പ്രത്യേകമായി ശ്രദ്ധ തിരിക്കുന്നു. അതു കൊണ്ടാണ് ഈ അവസരത്തിൽ അനുരജ്ഞന കൂദാശ സ്വീകരിക്കാൻ സഭ വിശ്വാസികളെ പ്രേരിപ്പിക്കുക.
പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമർപ്പിച്ച ഈശോയെപോലെ നമ്മുടെ ദുരാശകളെ ഉൻമൂലനം ചെയ്ത്, തീഷ്ണത നിറഞ്ഞ പ്രാർത്ഥനയിലും ആത്മാർത്ഥതയുള്ള ഉപവാസത്തിലും ഔതാര്യ പൂർവ്വകമായ ദാനധർമ്മ പ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്ക് പ്രവേശിച്ച ഈശോയെപ്പോലെ നമുക്ക് പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാം.

 

Fr. Siby Arackal
Chaplain

2017-02-26T11:13:18+00:00
error: Content is protected !!